പുരാവസ്തു തട്ടിപ്പ് കേസില്‍ പൊലീസും കൂട്ട്?; മോന്‍സന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുരാവസ്തുക്കളെന്ന് പൊലീസ് റിപ്പോര്‍ട്ട്
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തട്ടിപ്പിന് കൂട്ടുനിന്ന് പൊലീസ്. മോന്‍സന്റെ പക്കലുള്ളത് യഥാര്‍ത്ഥ പുരാവസ്തുക്കളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
മോന്‍സന്റെ ലാപ്‌ടോപില്‍ നിന്ന് രേഖകള്‍ പൊലീസ് നശിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. മോന്‍സന്റെ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണവും 24ന് ലഭിച്ചു. മോന്‍സണ്‍ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ ഉന്നതരെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐ ജി ജി ലക്ഷ്മണന്‍ എന്നിവരെ പ്രതിചേര്‍ത്താണ് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരം. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ നിന്ന് മാത്രം നാല് കോടി രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു.