Thursday, January 23, 2025
World

റഷ്യയിൽ പ്രതിസന്ധി അയയുന്നു; വാഗ്നർ സംഘം പിന്മാറി

റഷ്യയിലെ പ്രതിസന്ധി അയയുന്നു. വിമത നീക്കത്തിൽ നിന്ന് വാഗ്നർ സംഘം പിന്മാറി. തന്റെ സൈന്യം ക്യാമ്പിലേക്ക് മടങ്ങി പോകുന്നുവെന്ന് പ്രിഗോഷിൻ അറിയിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നർ സംഘം തലവൻ പ്രിഗോഷിൻ പറഞ്ഞു. ബലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയാണ് വാഗ്നർ തലവനുമായി സംസാരിച്ചത്. വിമത നീക്കം അവസാനിപ്പിക്കാമെന്ന് പ്രിഗോഷിൻ ഉറപ്പ് നൽകിയതായി ബലാറസ് പ്രസിഡന്റ് അറിയിച്ചു.

യുക്രൈനെ തകർക്കാൻ റഷ്യ നിയോഗിച്ച കൂലിപ്പടയായിരുന്നു വാഗ്നർ സംഘം. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ റഷ്യൻ സർക്കാർ വാഗ്നർ കൂലിപ്പടയുടെ പോയിന്റ് ബ്ലാങ്കിലായിരുന്നു.

പ്രിഗോഷിന് എന്തിന് പുടിനെതിരെ തിരിഞ്ഞു ?

യുക്രൈൻ യുദ്ധമാരംഭിച്ചത് മുതൽ പുടിനിൽ നിന്ന് റഷ്യൻ സൈന്യത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെ തന്നെ പൊരുതി നിന്ന വാഗ്നർ സംഘവും തലവൻ പ്രിഗോഷിനും റഷ്യൻ സൈന്യത്തെ പരസ്യമായി വിമർശിക്കുകയും ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യൻ സൈന്യത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്നുണ്ട് പ്രിഗോഷിൻ. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാന പരാതി.

എന്നാൽ വെള്ളിയാഴ്ചയോടെ ഇരുവിഭാഗവും തമ്മിലുള്ള അതൃപ്തി തുറന്ന പോരിലേക്കെത്തി. തന്റെ പടയാളികളുടെ സൈനികതാവളം റഷ്യൻ സേന ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വാഗ്നർ തലവൻ പ്രിഗോഷിൻ രംഗത്ത് വന്നു. തന്റെ 25,000 ത്തോളം വരുന്ന കരുത്തരായ സേനാംഗങ്ങളെയും കൊണ്ട് റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിനെതിരെ തിരിയുമെന്നും അതൊരിക്കലും സൈനിക അട്ടിമറിയാകില്ലെന്നും പ്രിഗോഷിൻ പറഞ്ഞു.

പ്രിഗോഷിൻ സായുധ വിമത നീക്കത്തിനാണ് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് റഷ്യൻ അധികൃതർ കുറ്റപ്പെടുത്തി. അന്ന് റഷ്യൻ സൈന്യത്തിന്റെ വാഹനങ്ങൾ പ്രിഗോഷിൻ കൂലിപ്പട പ്രവർത്തിക്കുന്ന റൊസ്‌തോവ് ഓൻ ഡോൺ എന്ന നഗരത്തെ ലക്ഷ്യം വച്ച് നീങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. യുക്രൈനെതിരായ യുദ്ധത്തിന് മുൻപായി അതിർത്തി പ്രദേശങ്ങളിലേക്കുള്ള റഷ്യൻ സൈനിക നീക്കത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഇത്.

കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ റൊസ്‌തോവ് ഒൻ ഡോണിന്റെ നിയന്ത്രണം ഏറ്റെടുത്ത വാഗ്നർപട മോസ്‌കോയിലേക്ക് ഇരച്ചുകയറുമെന്ന് ഭീഷണി മുഴക്കിയത്. അത്ര നാൾ പ്രിഗോസിന്റെ പല പ്രകോപനങ്ങളും കണ്ടില്ലെന്ന് നടിച്ച വ്‌ളാഡിമർ പുടിൻ അന്ന് മൗനം വെടിഞ്ഞു. ‘രാജ്യത്തെയും ജനങ്ങളേയും പിന്നിൽ നിന്ന് കുത്തിയിരിക്കുന്നു. ഇതിനെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’- പുടിൻ പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 1999 ന് ശേഷം റഷ്യ കാണുന്ന ആദ്യ അട്ടിമറിയായിരുന്നു വാഗ്നർ കൂലിപ്പട ശനിയാഴ്ച നടത്തിയത്.

ആരാണ് പ്രിഗോഷിൻ ?

പ്രസിഡന്റ് പുടിന്റെ അടുത്തയാൾ, വർഷങ്ങളായി റഷ്യൻ അധികാരകേന്ദ്രങ്ങളുടെ അടുത്ത വൃത്തമായി പ്രവർത്തിച്ച വ്യക്തി- റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് സ്വദേശിയായ പ്രിഗോഷിന് വിശേഷണങ്ങളേറെയാണ്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.

2014 ൽ റഷ്യ നടത്തിയ ക്രിമിയൻ അധിനിവേശത്തോടെയായിരുന്നു പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദം. അന്ന് മുതൽ സിറിയ, ലിബിയ, സുഡാൻ, മാലി, മൊസാംബിക് എന്നിവിടങ്ങളിൽ മോസ്‌കോയ്ക്ക് വേണ്ടി അവർ സ്വാധീനം ചെലുത്തി.

യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രിഗോഷിന് അത്യന്തം ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *