Tuesday, April 15, 2025
National

യുപിയിൽ അംബേദ്കർ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം: രണ്ട് പൊലീസുകാർക്ക് പരിക്ക്

സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷം. പ്രതിമ നീക്കം ചെയ്യാനെത്തിയ സംഘത്തിന് നേരെ ആളുകൾ കല്ലെറിഞ്ഞു. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. അതേസമയം, മൂന്ന് സ്ത്രീകളടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലാണ് സംഭവം.

ബദോഹി ജില്ലയിലെ കോട്വാലി പ്രദേശത്തെ ദളിത് കോളനിക്ക് സമീപം സർക്കാർ ഭൂമിയിൽ ചിലർ അനധികൃതമായി ബി.ആർ അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞയുടൻ എസ്ഡിഎം, സിഒ ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിമ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ദലിത് ബസ്തിയിലെ ജനങ്ങൾ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ്ജ് നടത്തി.

കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, ക്രമസമാധാനപാലനത്തിനായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *