മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ പരസ്പരം വിവാഹം ചെയ്ത് യുവാക്കൾ; സംഭവം കർണാടകയിൽ
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. വരൾച്ചയിൽ നിന്ന് മോചനം നേടാൻ മഴദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലാണ് പലരും. ഇത്തരം ശ്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പരസ്പരം വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്തുവരുന്നത്.
കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പ്രതീകാത്മകമായി പരസ്പരം വിവാഹം ചെയ്തത്. കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. പ്രതീകാത്മകമായി വിവാഹം നടത്തിയ ഗ്രാമവാസികൾ ഒരു വിരുന്നും സംഘടിപ്പിച്ചു.
“മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യിക്കുന്നതിനുമുള്ള പ്രാർത്ഥനാ ചടങ്ങിന്റെ ഭാഗമായാണ് ഇത് ചെയ്തത്. വിവാഹത്തിന് ശേഷം ഒരു സദ്യയും ക്രമീകരിച്ചിരുന്നു,” ഗ്രാമവാസികൾ പറഞ്ഞു. സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറഞ്ഞതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് മഴയുടെ അളവിൽ കുറവുണ്ട്. ഇതുമൂലമാണ് സംസ്ഥാനത്തെ ജനങ്ങൾ പഴയ ആചാരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.