ഒറ്റക്കെട്ടായി പ്രതിപക്ഷം: ഇനി ഉയരുന്നത് ഒരേയൊരു ചോദ്യം; ആരാകും ഈ മുന്നണിയുടെ നേതാവ്?
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി പത്ത് മാസം മാത്രമാണ് ബാക്കി. അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ബിജെപി ഏറെ മുന്നിലാണെന്ന് വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പ് ഒരു ദിശമാറ്റം പ്രവചിച്ചു. കോണ്‍ഗ്രസ് മുതല്‍ സിപിഐഎം വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ ഇന്ന് ആദ്യ വെടിപൊട്ടിച്ചത് ആംആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കില്ല എന്നായിരുന്നു ആ പ്രഖ്യാപനം.
2024ന് 2004ന്റെ മാതൃക എന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന പറ്റ്‌ന യോഗത്തിന്റെ ലക്ഷ്യം. പൊതു മിനിമം പരിപാടിയില്‍ സഹകരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുതല്‍ സിപിഐഎം വരെയുള്ള പാര്‍ട്ടികളുടെ സഹകരണമായിരുന്നു ലക്ഷ്യം. അവിടെ ഒറ്റക്കെട്ട് എന്ന പ്രഖ്യാപനത്തില്‍ നിന്ന് ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്കു പുറത്തുപോയി. 2004ല്‍ പൊതുമിനിമം പരിപാടി സ്വന്തം കൈകൊണ്ട് എഴുതിയത് ഇപ്പോഴത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അന്ന് പിബി അംഗമായ യെച്ചൂരി അതെഴുതുമ്പോള്‍ മിനിമം പരിപാടികള്‍ നിര്‍ദേശിച്ചത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും. അന്നത്തെ കാലാവസ്ഥയല്ല ഇന്ന്. അങ്ങനെയെങ്കില്‍ ആരായിരിക്കും ഈ പൊതുമുന്നണിയുടെ നേതാവ് എന്ന ചോദ്യമാണ് അന്തരീക്ഷത്തില്‍ ഉയരുന്നത്.
അന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമ്പോള്‍ പ്രതിപക്ഷ ഐക്യനിരയുടെ മുഖം സോണിയാ ഗാന്ധി ആയിരുന്നു. പ്രണബ് മുഖര്‍ജിയും പി ചിദംബരവും ഒക്കെ മുന്നില്‍ നില്‍ക്കുമ്പോഴും നേതാവ് സോണിയ എന്നായിരുന്നു പ്രതിപക്ഷത്തേയും ധാരണ. അതുപക്ഷേ യാഥാര്‍ത്ഥ്യമായില്ല. പൗരത്വത്തിന്റെ പേരിലെ ചോദ്യം ചെയ്യലുകള്‍ ഒഴിവാക്കാന്‍ സോണിയ വിട്ടു നിന്നു. മന്‍മോഹന്‍ സിങ് നേതാവായി. ഇപ്പോള്‍ പക്ഷേ ആരായിരിക്കും നേതാവ്.
ബിജെപി ക്യാംപിലേക്കു പോകുന്നു എന്നുവരെ അഭ്യൂഹം ഉണ്ടായെങ്കിലും ശരത്പവാര്‍ പ്രതിപക്ഷ ഐക്യനിരയുടെ മുഖമായി നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ അങ്ങനെ പങ്കെടുത്ത നേതാക്കളുടെ നിര നീണ്ടു പോകുന്നു. പ്രതിഷേധിച്ചു വാര്‍ത്താ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നത് ആംആദ്മി പാര്‍ട്ടിയാണ്. ഡല്‍ഹി ഓര്‍ഡിനന്‍സിനു പിന്തുണ നല്‍കാത്ത കോണ്‍ഗ്രസിനെ സംശയിക്കുകയാണ് അരവിന്ദ് കേജ്രിവാള്‍. പറ്റ്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൂടുമാറ്റത്തിന് ഒരുങ്ങുന്ന നിതീഷ് തന്നെയാണ് ഇപ്പോഴത്തെ അച്ചുതണ്ട്.
പറ്റ്‌ന യോഗത്തെ ഫോട്ടോ ഷൂട്ട് എന്ന് അമിത്ഷാ പരിഹസിച്ചെങ്കിലും ഈ ഐക്യം യാഥാര്‍ത്ഥ്യമാകുന്നത് തടയാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. ഇന്നു യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് ലോക്‌സഭയില്‍ 200 സീറ്റില്‍ താഴെ മാത്രമേയുള്ളു. പക്ഷേ, നിയമസഭകളില്‍ ഈ പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുന്ന സീറ്റുകളുടെ എണ്ണം ബിജെപിക്ക് ഒരു വെല്ലുവിളിയുമാണ്.