പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍
മൂന്നാര്‍: വളര്‍ത്തു പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവര്‍ഷം കാത്തിരുന്നു പിടികൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് വനംവകുപ്പിന്റെ പിടിയിലായി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് 4 വയസുള്ള പുലിയെ കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവര്‍ഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും.
ഒന്നര വര്‍ഷം മുന്‍പ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു ഈ പശു. പറമ്പില്‍ മേയാന്‍ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാര്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് കെണിവച്ചു കാത്തിരുന്ന ശേഷമാണ് കഴിഞ്ഞ ദിവസം പുലി കെണിയിലായത്. ജീവനോടെ കെണിയില്‍ പെട്ട പുലിയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസികള്‍ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാര്‍ എസിഎഫ് ബി.സജീഷ്‌കുമാര്‍, റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.