അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാൻ ഇന്ന് ഉന്നതതല യോഗം
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാൻ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. തെരുവുനായ്ക്കളെ കൊല്ലാൻ ക്രിമിനൽ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.
നായകളെ കൊല്ലാൻ പാടില്ലെന്ന സുപ്രിം കോടതി വിധി മറികടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. പൊതുജനങ്ങൾക്ക് ഭീഷണിയായ നായകളെ 133ആം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുൻപ് ചേർന്ന മന്ത്രിതല യോഗത്തിൽ വിലയിരുത്തിയിരുന്നു. കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് പ്രശ്നത്തിൽ സർക്കാർതല നീക്കങ്ങൾ സജീവമായത്. ഇന്ന് ചേരുന്ന യോഗത്തിൽ വകുപ്പ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
കണ്ണൂരിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11 വയസുകാരൻ മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രിം കോടതി വിലയിരുത്തിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ രീതിയിൽ ദയാവധം ചെയ്യാൻ അനുമതി നൽകണം എന്ന ആവശ്യപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലായ് 12 പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചു. കേസിലെ എതിർ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ജൂലൈ 7 നകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കണ്ണൂരിൽ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കണ്ണൂർ ജില്ല പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി പി ദിവ്യ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങൾ കാണാൻ കോടതി തയ്യാറായില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് അപേക്ഷ പരിഗണിക്കുന്നത്.
സംസ്ഥാനം ഇപ്പോഴും തെരുവുനായ അക്രമണങ്ങളുടെ കടുത്ത ഭീതിയിലാണ്. തെരുവ് നായ്ക്കളെ പേടിച്ച് പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും തെരുവുനായ ശല്യം തടയാൻ ഇടപെട അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പ്രതികരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതിൽ, മനുഷ്യാവകാശ കമ്മീഷൻ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്.