Thursday, January 23, 2025
Kerala

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്തെ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു; ശുചിമുറിയില്‍ കയറി ആത്മഹത്യാ ശ്രമവും

മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 ഓടെയാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്താവ് തന്നെയാണ് മുജീബെന്നും 94-ാമതായാണ് പട്ടികയില്‍ ഇയാളുടെ പേര് വരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഞ്ചായത്ത് വഴി സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് പഞ്ചായത്തിന്റെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *