‘കെ സുധാകരൻ മോൻസന്റെ കൂട്ടുകച്ചവടക്കാരൻ’; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്
കെപിസിസി പ്രസിഡന്റ്‌കെ സുധാകരൻ മോൻസന്റെ കൂട്ടുകച്ചവടക്കാരനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. കെപിസിസി പ്രസിഡന്റ് പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലിനെ ന്യായികരിച്ചത് അപകടകരം. സമൂഹം തള്ളിപ്പറയേണ്ട വ്യക്തിയാണ് മോൻസൺ. അയാളെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. മോൻസനെ കെപിസിസി പ്രസിഡന്റ് ഏല്പിച്ച കാര്യങ്ങൾ വ്യക്തമാക്കണം എന്നും വിഷയത്തിൽ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമഗ്ര അന്വേഷണം വേണം എന്ന് വി. കെ സനോജ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. കെ. വിദ്യയെ എത്രയും പെട്ടന്ന് പിടികൂടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടും. പോലീസ് ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ ആരെയും സംരക്ഷിക്കില്ല. പോലീസ് അന്വേഷണത്തിൽ ആക്ഷേപമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മോൻസൻ മാവുങ്കൽ കെ സുധാകരൻ ബന്ധം തെളിയിക്കുന്ന ശബ്ദരേഖ ആയുധമാക്കി അന്വേഷണ സംഘം മുന്നോട്ട്. ഒത്തുതീർപ്പിന് എബിൻ എബ്രഹാം ശ്രമിച്ചതടക്കമുള്ള ശബ്ദരേഖകളാണ് അന്വേഷണസംഘം മോൻസന് മുന്നിൽ നിരത്തിയത്. കെ സുധാകരൻ പണം കൈപ്പറ്റിയെന്ന മോൻസന്റെ ഡ്രൈവർമാരുടെ ആരോപണത്തിലും അന്വേഷണസംഘം മോൻസനോട് വിവരങ്ങൾ ആരാഞ്ഞു. എന്നാൽ, ഈ ചോദ്യം ചെയ്യലിനോട് മോൻസൻ പൂർണമായും സഹകരിക്കുന്നില്ല.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ വിശ്വസ്തനായ എബിൻ എബ്രഹാമിനെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാർ. എബിൻ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ 24ന് ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിൻ കേസിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമോ എന്ന് എബിൻ ചോദിക്കുന്നുണ്ട്. മോൻസൻ അറസ്റ്റിലായ സമയത്ത് നടന്നതാണ് ഈ സംഭാഷണം. ഇതിനെ തുടർന്ന് എബിനേയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നു. ഈ കേസിൽ തങ്ങൾ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് സുധാകരനും എബിൻ എബ്രഹാമും നേരത്തെ പറഞ്ഞതിന് ശേഷമാണ് ഈ ശബ്ദ രേഖ പുറത്തു വന്നത്.