കെ.വിദ്യ അട്ടപ്പാടി കോളജില്‍ നല്കിയതും വ്യാജരേഖ; ബയോഡാറ്റയിലും കൃത്രിമം
അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജില്‍ നല്കിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളീജിയറ്റ് സംഘം ഡയറക്ടര്‍ക്ക് കൈമാറി. പ്രത്യേക ദൂതന് വഴിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും നല്‍കും.
കാസര്‍ഗോഡ് കരിന്തളം ഗവണ്മെന്റ് കോളജില്‍ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷന്‍ സംഘം കണ്ടെത്തിയിരുന്നു. ഒരു വര്‍ഷക്കാലം വിദ്യ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ വിദ്യക്ക് നല്കിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും. മഹാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വ്യാജ രേഖയുടെ ഒറിജിനല്‍ കണ്ടെത്താനായില്ലെങ്കിലും നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യയെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.