സ്വത്ത് കണ്ടുകെട്ടേണ്ടവരുടെ പട്ടികയിലും തട്ടിപ്പ്; കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ പ്രതികള്‍ക്ക് സഹായം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കിയതായി ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ചേര്‍ത്തിരുന്ന മൂന്നുപേരെയാണ് പട്ടികയില്‍ നിന്നൊഴിവാക്കിയതെന്ന് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.
125 കോടി രൂപ കണ്ടുകെട്ടാനുള്ള സഹകരണ വകുപ്പിന്റെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ഒഴിവാക്കിയത്. 46 വായ്പകളില്‍ നിന്നായി 33 കോടി 28 ലക്ഷം രൂപ തട്ടിയ കിരണും ഈ പട്ടികയിലില്ല. സഹകരണ ബാങ്കുമായി ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി തട്ടിപ്പ് നടത്തിയ റെജി എന്നയാളും പണം തിരിച്ചുപിടിക്കാനുള്ളവരുടെ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടിട്ടുണ്ട്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 125 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പേര്‍ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ 25പേരാണ് കേസുമായി ബന്ധപ്പെട്ട് പട്ടികയിലുണ്ടായിരുന്നത്.
300 കോടി രൂപയുടെ തട്ടിപ്പ് 125.83 കോടി ആക്കി കുറച്ചതിന് പിന്നില്‍ സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ജനകീയ പ്രതിരോധസമിതി ആരോപിച്ചിരുന്നു. കളക്ടറെ പോലും കബളിപ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് സഹകരണ ജോയിന്റ് രജിസ്റ്റാര്‍ നല്‍കിയതെന്ന് പ്രതിരോധ സമിതി ചെയര്‍മാന്‍ എം വി സുരേഷ് പറഞ്ഞു. ബാധ്യത കുറച്ചു കാട്ടിയതോടെ 175 കോടി രൂപ സിപിഐഎം നേതാക്കളുടെ കൈകളിലെത്തിയെന്നും എം വി സുരേഷ് ആരോപിച്ചു.