സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി
സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽ മുൻ എസ്എഫ്ഐ നേതാവ് കൂടിയാണ്.
നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് നടപടിയെടുത്തത്.കണ്ണൂർ ചെറുപുഴ സ്വദേശിയായ കേരള കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. 30 കോടിയുടെ ക്രിപ്റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.