Friday, January 10, 2025
Kerala

‘കേരളത്തിലെ നിക്ഷേപത്തിന് ലോക ബാങ്ക് തയ്യാർ’; ലോക ബാങ്ക് മാനേജിംഗ് ഡയറക്ടറുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ലോക ബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിംഗ്ടണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ലോക ബാങ്കിന്‍റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോക ബാങ്ക് വൈസ് പ്രസി‍ഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡിസിയിൽ മുഖ്യമന്ത്രിയുമായി ലോക ബാങ്കിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി പി ജോയി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *