Thursday, October 17, 2024
Gulf

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വർധന; വർധിപ്പിച്ചത് ഇരട്ടിയിലേറെ

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് വിമാനക്കമ്പനികൾ വർധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകൾ.

നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വർധനവാണ് വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്കിൽ വരുത്തിയിരിക്കുന്നത്. ഈമാസം 26നു സ്കൂൾ അടയ്ക്കുന്നതും ബലിപെരുന്നാൾ അവധിയുമെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ്വർദ്ധനവ് നൽകുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാർജ്.

ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാൻ ഏറ്റവും കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും പ്രവാസി കുടുംബങ്ങൾ കയ്യിൽ കരുതേണ്ട അവസ്ഥയാണ്. ഗോ ഫസ്റ്റ് എയർലൈൻ സർവീസുകൾ നിർത്തിയതും എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവൽ ഏജന്റുമാരും പറയുന്നു. അതേ സമയം, ചാർട്ടർ വിമാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനവ് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ്നിരക്ക് വർധനയ്ക്കെതിരെ ഈ മാസം 15-ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ അടക്കമുള്ള കൂട്ടായ്മകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.