പുതിയ പാർട്ടി പ്രഖ്യാപനമില്ല, ഗലോട്ടിന് മുന്നറിയിപ്പ് മാത്രം; പിതാവിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സച്ചിൻ പൈലറ്റ്
ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ജനങ്ങളാണ് തൻ്റെ കരുത്ത്, ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറൻസി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത നേതാവായിരുന്നു തൻ്റെ പിതാവെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു സച്ചിന്റെ പരാമർശങ്ങൾ. 11ന് സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
എന്നാൽ കോൺഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. സച്ചിൻ പാർട്ടി വിടില്ലെന്ന് കെസി വേണുഗോപാലും ആവർത്തിച്ചിരുന്നു.