Wednesday, April 16, 2025
Kerala

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോമ് അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്.

ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍ സാധാരണയാത്രക്കാരെ പോലെ ബസില്‍ കയറി. വിദ്യാര്‍ത്ഥികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രത്യേകമായ നിയന്ത്രണങ്ങളെ കുറിച്ച് ചോദിച്ചു, ബസുകാര്‍ വാങ്ങുന്ന പണം എത്രയെന്ന് നിരീക്ഷിച്ചു.

തൊട്ടു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റ വാഹനമെത്തി.പിന്നെ ബസ് ജീവനക്കാർക്ക് കാര്യമായി ഒന്നും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എല്ലാം ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. കേസെടുത്തു. പൂക്കിപ്പറമ്പ് സ്‌കൂളിലേക്ക് പോകുന്നതിനും വരുന്നതിനും അമിതചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് കക്കാട് സ്വദേശിയായ രക്ഷിതാവ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാസ്റ്റൈല്‍ പദ്ധതിയുമായി ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്.

കുട്ടികള്‍ ഉന്നയിക്കുന്ന പരാതികള്‍ സത്യമെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോദ്ധ്യപ്പെട്ടു. അമിതചാര്‍ജ് ഈടാക്കിയതിനെതിരെ മൂന്നു ബസ്സുകള്‍ക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാകുമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *