Friday, January 10, 2025
World

യുക്രൈനിൽ ഡാം തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 9 ആയി

തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 9 ആയി ഉയർന്നു. 17 സെറ്റിൽമെന്റുകളിലായി 22,273 വീടുകൾ വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. 243 കുട്ടികൾ ഉൾപ്പെടെ 5800-ലധികം ആളുകളെ ഒഴിപ്പിച്ചതായി കെർസൺ മേഖലയുടെ തലവൻ വ്‌ളാഡിമിർ സാൽഡോ പറഞ്ഞു.

ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിലാണ് തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ തകർന്നത്. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡിനിപ്രോ നദിയുടെ കുറുകെ 1956 ൽ പണിപൂർത്തീകരിച്ച അണക്കെട്ടാണ് നോവ കഖോവ്ക.

നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് നേരത്തെ യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തത്തിന്റെ പാരിസ്ഥിതികപ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലേ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *