Friday, January 10, 2025
Kerala

പുൽപ്പള്ളി ബാങ്ക് വായ്പ ക്രമക്കേട്; രാജേന്ദ്രൻ നായരിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായ ബന്ധപ്പെട്ട് ജീവനൊടുക്കിയ രാജേന്ദ്രൻ നായരിൻ്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഡയറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. കത്ത് പൊലീസിനു കൈമാറി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

സജീവൻ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകളാണ് ആത്‌മഹത്യാ കുറിപ്പിലുള്ളത്. ബാങ്കിൽനിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമാണ്. തന്നെ ഇവർ ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്. കഴിഞ്ഞ മാസം 29 നാണ് രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്.

കേസിൽ ഇഡി അന്വേഷണം നടക്കുകയാണ്. കേസിൽ അറസ്റ്റിലായ കെപിസിസി മുൻ ഭാരവാഹി കെ കെ എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടക്കുന്നു. ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് റെയ്ഡ് നടത്തുന്നത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് റെയ്ഡ് നടത്തുന്നത്.

കർഷകരുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പരാതിക്കാരൻ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി. പ്രാഥമിക അനവേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടാൽ വസ്തുവകകൾ കണ്ടുകെട്ടും. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായി എന്നാണ് നിഗമനം.

കെ കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെയാണ് ബാങ്കിൽ ക്രമക്കേട് നടന്നത്. എട്ടു കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ കെ എബ്രഹാം നിലവിൽ റിമാൻഡിലാണ്. കേസിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം എബ്രഹാം രാജിവച്ചിരുന്നു.

കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഭരണസമിതിയിൽ ഉൾപ്പെട്ട സജീവൻ കൊല്ലപ്പിള്ളി ആണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരൻ എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാങ്ക് ലോൺ സെക്ഷൻ മേധാവി പി യു തോമസ്, മുൻ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങൾ ആയിരുന്ന ടി എസ് കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ തങ്കപ്പൻ, സി വി വേലായുധൻ, സുജാത ദിലീപ്, വി.എം പൗലോസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കെ കെ എബ്രഹാം, രമാദേവി എന്നിവർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *