അമ്പൂരി രാഖി കൊലപാതക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
അമ്പൂരി രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തത്തിനാലായിരുന്നു കൊലപാതകം.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താൽ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സൈനികനായ അഖിലും കൊല്ലപ്പെട്ട രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് അഖിൽ ആരുമറിയാതെ രാഖിയെ വിവാഹം ചെയ്തു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി രാഹുൽ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
ജൂൺ 21നാണ് സഹോദരങ്ങളായ അഖിലും രാഹുലും ചേർന്ന് രാഖിയെ നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ നിന്നും രാഖിയെ കാറിൽ കയറ്റി കൊണ്ട് പോകുന്നത്. കാറിൽ വെച്ച് രാഖിയുടെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി. പിന്നീട് അമ്പൂരിയിലെ പണിനടക്കുന്ന രാഹുലിന്റെ വീട്ടിലെത്തിച്ചു. സഹോദരങ്ങൾ ചേർന്ന് കയർ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കി. അയൽവാസിയായ ആദർശിന്റെ സഹായത്തോടെ മുൻകൂട്ടിയെടുത്ത കുഴിയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതശരീരം നഗ്‌നയാക്കി ഉപ്പു കല്ലുകൾ വിതറി മണ്ണിട്ട് മൂടി തുടർന്ന് കമുക് തൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
കേസിൽ 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച്ച ശിക്ഷ വിധിക്കും.