പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കേസ് ഇഡി അന്വേഷിക്കും; കോൺഗ്രസ് മുൻ ഭാരവാഹി കെ കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ്
പുൽപള്ളി ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം. കേസിൽ അറസ്റ്റിലായ കെപിസിസി മുൻ ഭാരവാഹി കെ കെ എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടക്കുന്നു. ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് റെയ്ഡ് നടത്തുന്നത്.കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് റെയ്ഡ് നടത്തുന്നത്.
കർഷകരുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പരാതിക്കാരൻ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി. പ്രാഥമിക അനവേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടാൽ വസ്തുവകകൾ കണ്ടുകെട്ടും. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായി എന്നാണ് നിഗമനം.
കെ കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡണ്ട് ആയിരിക്കെയാണ് ബാങ്കിൽ ക്രമക്കേട് നടന്നത്. എട്ടു കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കെ കെ എബ്രഹാം നിലവിൽ റിമാൻഡിലാണ്. കേസിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം എബ്രഹാം രാജിവച്ചിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഭരണസമിതിയിൽ ഉൾപ്പെട്ട സജീവൻ കൊല്ലപ്പിള്ളി ആണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരൻ എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാങ്ക് ലോൺ സെക്ഷൻ മേധാവി പി യു തോമസ്, മുൻ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങൾ ആയിരുന്ന ടി എസ് കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ തങ്കപ്പൻ, സി വി വേലായുധൻ, സുജാത ദിലീപ്, വി.എം പൗലോസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കെ കെ എബ്രഹാം, രമാദേവി എന്നിവർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.