Thursday, January 23, 2025
National

പ്രതിപക്ഷ ഐക്യസമ്മേളനം 23-ന്; രാഹുൽഗാന്ധിയും മമതാ ബാനർജിയും പങ്കെടുക്കും

പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. മിക്ക പ്രതിപക്ഷ പാർട്ടികളുടെയും മുൻനിരനേതാക്കൾ സമ്മേളനത്തിനെത്തുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.

നേരത്തേ ഈ മാസം 12-ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും കോൺഗ്രസും ഡി.എം.കെ.യും ഉൾപ്പെടെയുള്ള ചില പാർട്ടികൾ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മാറ്റിയത്. പ്രതിപക്ഷ നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് കോൺഗ്രസും രാഹുലും വരുന്നതിനോട് താത്പര്യമില്ലാത്ത തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി നിർദേശിച്ചപ്രകാരമാണ് നിതീഷ് 12-ന് പട്നയിൽ ഐക്യസമ്മേളനം വിളിച്ചത്.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇതിന് പിന്തുണനൽകി. എന്നാൽ, കോൺഗ്രസുമായി കൂടിയാലോചിക്കാതെയായിരുന്നു നിതീഷിന്റെ നടപടി. രാഹുൽഗാന്ധി വിദേശത്തായതിനാൽ 12-ൻറെ സമ്മേളനം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *