Thursday, January 23, 2025
National

ആരോഗ്യനില മോശം, അരിക്കൊമ്പനെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്

അരിക്കൊമ്പന്റെ ആരോഗ്യനില പരി​ഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിൻ്റെ സംരക്ഷണയിൽ അരിക്കൊമ്പനെ സൂക്ഷിയ്ക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. വനംവകുപ്പ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം അറിയിച്ചതോടെയാണ് ഹൈക്കോടതി നിർദേശം മാറ്റിയതും ആനയെ കാട്ടിൽ വിടണമെന്ന് ഉത്തരവിട്ടതും.

അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി നാളെ പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് നാളെ പരിഗണിയ്ക്കുന്നത്. കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിലേക്ക്
തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടാമെന്ന് വനം വകുപ്പും കോടതിയെ അറിയിച്ചുരുന്നു.

എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയിലെ കോടതി നിർദേശം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. റെബേക്ക ജോസഫിന്റെ ഹര്‍ജിയിൽ അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ആനയുടെ ആരോ​ഗ്യസ്ഥിതി മോശമായതിനാലാണ് ഇപ്പോൾ ആനയെ കാട്ടിൽ വിടാമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടത്.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *