എ ഐ ക്യാമറ; കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് യുഡിഎഫിന്; എം വി ഗോവിന്ദൻ
എ ഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ്. അഴിമതി ആരോപണത്തിന് എണ്ണിയെണ്ണി മറുപടി നൽകിയതാണ്. യുഡിഎഫ് നിലപാട് അവരുടെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
ശുദ്ധ അസംബന്ധമാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട പറയുന്നത്. രണ്ട് രേഖകൾ കൂട്ടിച്ചേർത്ത് വായിക്കണം. ഒന്നിനും അടിസ്ഥാനമില്ലാത്തത് കൊണ്ട് എന്തും പറയാം.ഭരണാനുമതി നൽകിയത് 232.25 കോടിക്കാണ്. സ്ഥാപനതുക 142 കോടി. 5 വർഷത്തെ മെയിന്റനൻസ് തുക 56. 24 കോടി. 35.76 കോടി ജിഎസ്ടി. 20 ഗഡുക്കളായി അഞ്ച് കൊല്ലം കൊണ്ട് കെൽട്രോണിന് ഈ തുക ലഭിക്കുക ആണ് ചെയ്യുക.
ക്യാമറ സ്ഥാപിക്കുന്നതിനും, കണ്ട്രോൾ റൂം തുറക്കുന്നന്തിനും, മറ്റ് പ്രവർത്തനങ്ങൾക്കും ആണ് ആകെ തുക. ക്യാമറ ഒന്നിന് 9 ലക്ഷം എന്ന് പറയുന്നു. അത് പൂർണ സിസ്റ്റത്തിന്റെ വിലയാണ്. സർക്കാർ ഖജനാവിൽ നിന്ന് നയാ പൈസ ചെലവായിട്ടില്ല. പിന്നെങ്ങനെ അഴിമതി ഉണ്ടാവും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് തല അന്വേഷണം നടത്തുന്നുണ്ട്.
മന്ത്രിസഭ ആകെ അഴിമതിക്ക് കൂട്ട് നിൽക്കുന്നു എന്നാണ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വി.ഡി സതീശനും. ഇവർ തമ്മിലുള്ള തർക്കമാണ് പ്രധാന പ്രശ്‌നം. ഉമ്മൻചാണ്ടിയുടെ കാലത്ത് നൂറ് ക്യാമറയ്ക്ക് 40 കോടിയാണ് ചെലവാക്കിയത്. വായയ്ക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പറയുകയാണ് പ്രതിപക്ഷം. എല്ലാത്തിനും വിജിലൻസ് അന്വേഷണം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉത്തരം പറയും- ഗോവിന്ദൻ പറഞ്ഞു