അനിമല്‍ ആംബുലന്‍സില്‍ കൊണ്ടുപോകവേ അരിക്കൊമ്പന്‍ മയക്കം വിട്ടു, തുമ്പിക്കൈ പുറത്തേക്കിട്ടു; ആനയെ മാറ്റുന്ന സ്ഥലത്തില്‍ സസ്‌പെന്‍സ്
കേരളത്തില്‍ നിന്ന് തമിഴ്‌നാട് വനപ്രദേശത്തെത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ച ശേഷം കൊണ്ടുപോയി വിടുന്ന സ്ഥലം സംബന്ധിച്ച് തമിഴ്‌നാട്ടിലും സസ്‌പെന്‍സ്. വെള്ളിമല വരശനാടിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്നാണ് അറിയിച്ചിരുന്നെങ്കിലും മയക്കുവെടി വച്ച ശേഷം ആനയെ വഹിച്ചുകൊണ്ടുള്ള വാഹനം വെള്ളിമല റൂട്ടിലേക്ക് കയറിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ സസ്‌പെന്‍സ്. തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ അണക്കെട്ടിലെ വനമേഖലയില്‍ ആനയെ തുറന്നു വിടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
മയക്കുവെടി വച്ച് അനിമല്‍ ആംബുലന്‍സില്‍ കയറ്റി വെള്ളിമലയിലേക്ക് കൊണ്ടുപോകവേ ഇടയ്ക്ക് വച്ച് അരിക്കൊമ്പന്‍ പാതിമയക്കം വിടുന്ന സ്ഥിതിയുണ്ടായി. മയക്കംവിട്ട അരിക്കൊമ്പന്‍ തുമ്പിക്കൈയെടുത്ത് വാഹനത്തിന് പുറത്തേക്കിട്ടു. ആനയെ പിന്നീട് വടം ഉപയോഗിച്ച് കെട്ടിയാണ് വാഹനത്തില്‍ നിര്‍ത്തിയത്.
ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയതോടെയാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ ഇന്നലെ അര്‍ധരാത്രി മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ സ്ഥലത്തേക്ക് കുങ്കിയാനകള്‍ എത്തിച്ചേര്‍ന്നു. കമ്പത്ത് അരികൊമ്പന്റെ സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. ഡോക്ടര്‍ കലൈവാനാണ് ഇന്ന് പുലര്‍ച്ചെ നടന്ന ഒരു മണിക്ക് നടന്ന ദൗത്യത്തിന് നേതൃത്വം നല്‍കിയത്. അഞ്ച് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്.