Friday, January 10, 2025
Kerala

ലോകകേരള സഭ, മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍

തിരുവനന്തപുരം: യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയില്ല. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയത്. അതിനിടെ മുഖ്യമന്ത്രിയും സംഘവും സ്വിറ്റ്സർലാൻഡും സന്ദർശിക്കുമോ എന്ന സംശയം നൽകികൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.

ലോക കേരള സഭ യുഎസ് മേഖല സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ സ്പോൺസർഷിപ്പിന് സംഘാടകർ പ്രതീക്ഷിച്ച പ്രതികരണം അല്ല ഇത് വരെ ലഭിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം ഡിന്നർ അടക്കം ഓഫർ വെച്ചുള്ള ഗോൾഡ് സിൽവർ കാർഡുകൾ ആരും ഇത് വരെ വാങ്ങിയില്ല. ആകെ പിരിഞ്ഞു കിട്ടിയത് 2 ലക്ഷത്തി 80000 ഡോളറാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. വിവാദം സ്പോൺസർമാരെ പിന്നോട്ടടിപ്പിക്കുന്നു എന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവര്‍ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഇതിനിടെ യാത്രയെ കുറിച്ചുള്ള സർക്കാർ ഉത്തരവിൽ യുഎസ്, ക്യൂബ എംബസികൾക്കൊപ്പം സ്വിറ്റ്സർലണ്ടിലെ ഇന്ത്യൻ എംബസിക്കും കോപ്പി ഉണ്ട്. സ്വിസ് സന്ദർശനം ഷെഡ്യൂളിൽ ഇല്ലാതെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല. ക്യൂബയിൽ നിന്നും മടക്കം സൂറിച്ച് വഴി ആകാനും സാധ്യത ഉള്ളത്കൊണ്ടാണ് ഇതെന്ന സൂചനയാണ്പൊതു ഭരണ വകുപ്പ് നൽകുന്നത്.

യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോര്‍ക്ക എത്തിയിരുന്നു. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *