കൊച്ചിയിൽ മാലിന്യ നീക്കം പ്രതിസന്ധിയിൽ; ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന തീരുമാനം പാലിക്കാൻ കഴിഞ്ഞില്ലെന്ന് പി രാജീവ്
ജൂൺ ഒന്ന് മുതൽ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന കൊച്ചി കോർപ്പറേഷന്റെ തീരുമാനം പൂർണമായി പാലിക്കാൻ കഴിഞ്ഞില്ല മന്ത്രി പി രാജീവ്. പ്രതിസന്ധികൾ ഉടൻ പരിഹരിക്കും. ബിപിസിഎൽ പ്ലാൻ്റ് ഒരു വർഷത്തിനുള്ളിൽ സ്ഥാപിക്കുമെന്നും സർക്കാരിൻ്റെ വിശദ റിപ്പോർട്ട് ബിപിസിഎല്ലിന് കൈമാറിയതായും മന്ത്രി വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം ഉണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു. ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ.
അതേസമയം കൊച്ചി കോർപ്പറേഷനിലെ ജൈവ മാലിന്യ നീക്കം കടുത്ത പ്രതിസന്ധിയിലാണ്. ദേശീയപാതയിൽ ഉൾപ്പടെ മാലിന്യം കെട്ടികിടക്കുന്നു. കരാർ കമ്പനികൾ എത്തുന്നില്ലെന്നാണ് കൗൺസിലർമാരുടെ പരാതി.