‘പണമുള്ളവര്‍ക്ക് മുഖ്യമന്ത്രിയ്ക്ക് അരികില്‍ സീറ്റ്, അല്ലാത്തവരോട് കടക്ക് പുറത്ത്’; പണപ്പിരിവില്‍ നിന്നും പിന്‍മാറണമെന്ന് കെ സുരേന്ദ്രന്‍
ലോക കേരളസഭയുമായി ബന്ധപ്പെട്ട പണപ്പിരിവ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക കേരളസഭയുടെ പേരില്‍ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കില്‍ 82 ലക്ഷം രൂപ നല്‍കണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. പാവപ്പെട്ട പ്രവാസികള്‍ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്ല്യമാണ് പിണറായി വിജയന്റെ ഈ നടപടി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കമ്മ്യൂണിസ്റ്റുകാരുടെ യഥാര്‍ത്ഥ വര്‍ഗരാഷ്ട്രീയമാണ് പിണറായി വിജയന്‍ തുറന്ന് കാണിച്ചിരിക്കുന്നതെന്നാണ് കെ സുരേന്ദ്രന്റെ പരിഹാസം. പണമുള്ളവര്‍ക്ക് തന്റെ അരികില്‍ സീറ്റും പണമില്ലാത്തവര്‍ക്ക് കടക്ക് പുറത്ത് സന്ദേശവുമാണ് മുഖ്യമന്ത്രി നല്‍കുന്നത്. കമ്മ്യൂണിസം എന്ന ആശയത്തിന്റെ ജീര്‍ണതയാണ് മറനീക്കി പുറത്തുവരുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കാനും ഭക്ഷണം കഴിക്കാനും വരെ പണം വാങ്ങിക്കുന്ന സംഭവം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കുമെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ യാത്ര ഉപേക്ഷിക്കുകയും ലോക കേരളസഭ നിര്‍ത്തിവെക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.