ലോകത്തെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം തെലങ്കാനയിൽ വരുന്നു
ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയാണ് ക്ഷേത്രം പണിയുന്നത്. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിൽ ചാർവിത മെഡോസ് പ്രോജക്ട് ഏരിയയിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ഈ പ്രോജക്ടിനായി ‘3-ഡി പ്രിന്റഡ്’ നിർമ്മാണ കമ്പനിയായ സിംപ്ലിഫോർജ് ക്രിയേഷൻസിന്റെ സഹായം അപ്സുജ ഇൻഫ്രാടെക് തേടിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മെറ്റീരിയലും സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചാണ് ക്ഷേത്രം നിർമിക്കാൻ ഉപയോഗിക്കുന്ന 3ഡി സാങ്കേതികവിദ്യ.
ക്ഷേത്രത്തിൽ ‘മോദകം’ (ഗണപതിക്ക് പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മധുര പലഹാരം) ആകൃതിയിലുള്ള മൂന്ന് ശ്രീകോവിലുകൾ ഉണ്ടായിരിക്കും. ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ചതുരാകൃതിയിലുള്ള വസതിയും(ശിവാലയ്), പാർവതി ദേവിയുടെ താമരയുടെ ആകൃതിയിലുള്ള ഭവനവും ഉൾക്കൊള്ളുന്നുവെന്ന് അപ്സുജ ഇൻഫ്രാടെക് മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണ ജീഡിപ്പള്ളി പറഞ്ഞു. നിലവിൽ പദ്ധതി സ്ഥലത്ത് താമരയുടെ ആകൃതിയിലുള്ള ക്ഷേത്രം നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്.