‘ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പിന്‍വലിക്കണം’; കെജ്രിവാളിനെ പിന്തുണച്ച് കെസിആര്‍
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയെത്തിയ അരവിന്ദ് കെജ്രിവാളുമായും പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെസിആര്‍ ഉന്നയിച്ചത്. അടിയന്തിരാവസ്ഥയെ സദാ വിമര്‍ശിക്കുന്ന ബിജെപി ഇത് അടിയന്തിരാവസ്ഥയ്ക്ക് സമാനമല്ലേ എന്ന് ചിന്തിക്കണമെന്നും കെസിആര്‍ കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സ് വിഷയം കേവലം ഡല്‍ഹിയെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ വിഷയമാണെന്നും കെസിആര്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്രയും പെട്ടെന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ടതുണ്ട്. തങ്ങളെല്ലാം കെജ്രിവാളിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി ജനതയ്ക്ക് നീതി ലഭിക്കുന്നതിനായി തങ്ങളെ പിന്തുണച്ച കെസിആറിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.