Saturday, January 11, 2025
Kerala

സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ നടപടി; അഴിമതി ഒഴിവാക്കാന്‍ സേവന അവകാശ നിയമങ്ങള്‍ കര്‍ശനമാക്കും

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ പശ്ചാത്തലത്തില്‍ വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലാന്റ് റവന്യൂ കമ്മിഷണറുടേതാണ് നിര്‍ദ്ദേശം.

കൈക്കൂലി വാങ്ങാനും അഴിമതി നടത്താനുമുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ വില്ലേജുകള്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സേവന അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും സേവനങ്ങളും നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. സര്‍ക്കാരില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ് എന്നിവ അഞ്ചു ദിവസത്തിനകം നല്‍കണം.

ജാതി സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും വരുമാന സര്‍ട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും നല്‍കണം. ആശ്രിത സര്‍ട്ടിഫിക്കറ്റും അഗതി സര്‍ട്ടിഫിക്കറ്റും അഞ്ചു ദിവസത്തിനകം നല്‍കണം. നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നല്‍കണം. വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് 15 ദിവസത്തിനകവും കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ ഇ സേവനം വഴിയാക്കി ജനങ്ങള്‍ ഓഫീസുകളിലേക്ക് നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *