Saturday, October 19, 2024
National

മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ ആന്റ്-വൈറസ് പ്രോഗ്രാമുകളെ തകർക്കുകയും മൊബൈൽ ഫോണിൽ റാൻസംവെയർ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാൽവെയറിന് കഴിയും.

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുന്നത് മാൽവെയർ ആക്രമണത്തിൽ നിന്ന് തടയാൻ സാധിക്കുമെന്ന് കേന്ദ്ര ഏജൻസി പറയുന്നു. ഒപ്പം അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുവെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

മൊബൈൽ ഫോണിൽ ആന്റി വൈറസ് ഇൻസ്‌റ്റോൾ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുവാനും കേന്ദ്ര ഏജൻസി മൊബൈൽ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.