എസ്എഫ്ഐ ആൾമാറാട്ടം; ഇന്ന് പൊലീസ് സംഘം കാട്ടാക്കട ക്രിസ്ത്യൻ കോളജിലെത്തി പരിശോധന നടത്തും
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട വിവാദവുമായി ബന്ധപ്പെട്ടു കോളേജിൽ ഇന്ന് പൊലീസ് സംഘം പരിശോധന നടത്തും. രണ്ടു ദിവസം കേരള സർവകലാശാലയിൽ നേരിട്ടെത്തി പൊലീസ് വിവരം ശേഖരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ, വലിയ തിരിമറി നടന്നിട്ടും സർവകലാശാലക്ക് നേരത്തേ പരാതി ലഭിച്ചില്ലേ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.
രേഖകളുടെ പരിശോധനയ്ക്ക് ശേഷം എഫ്.ഐ.ആറിലെ പിഴവുകൾ തിരുത്താനാണ് പൊലീസ് നീക്കം. അറസ്റ്റിലേക്ക് കടക്കും മുൻപ് വിശദമായ പരിശോധനയ്ക്കാണ് പൊലീസ് ശ്രമിക്കുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ ഗവർണറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്നലെ രംഗത്തെത്തിയിരുന്നു.
സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ഗവർണറുടെ അഭിപ്രായപ്രകടനത്തിനാണ് മന്ത്രി ആർ. ബിന്ദു മറുപടി നൽകിയത്. വിദ്യാർത്ഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പാൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർവ്വകലാശാലകളിൽ സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല. ഇതിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
യൂണിയന്റെ ബലത്തിൽ പലരും നിയമം കൈയ്യിലെടുക്കുകയാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. ഭീകരമായ അവസ്ഥയാണിത്. കേരളത്തിൽ നിയമലംഘനം തുടർച്ചയാവുകയാണ്. കേരളം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പലരും പഠിക്കാൻ പുറത്തേക്ക് പോവുകയാണ്. പലപ്പോഴും നാലുവർഷ കോഴ്സ് അഞ്ചര വർഷം നീളുന്ന സാഹചര്യവുമുണ്ട്. പൊതു താല്പര്യം കണക്കിലെടുത്തുള്ള ഓർഡിനൻസിൽ ഒപ്പിടുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.