‘ജ്വല്ലറികളിലും, ക്യാഷ് ഓൺഡെലിവറിയിലും, കാണിക്കയായും 2000’; നോട്ട് മാറാൻ കുറുക്കുവഴികൾ തേടി ജനം
അപ്രതീക്ഷിതമായി ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ അങ്കലാപ്പിലാണ് പലരും. ബാങ്കുകളിൽ ക്യൂ നിന്ന് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കുന്നവരും, ഇതിന് മെനക്കെടാതെ കുറുക്കുവഴികളിൽക്കൂടി കൈയ്യിലുള്ള 2000 ത്തിന്റെ നോട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നവരും നിരവധിയുണ്ട്. ആദായനികുതിവകുപ്പിന്റെ കണ്ണിൽപ്പെടാതിരിക്കാൻ നോട്ടുകൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരും, കൈയ്യിൽ കണക്കിൽപ്പെടാത്ത പണമുള്ളവരും, ബാങ്കിൽ പോയി ക്യൂനിൽക്കാൻ മടിയുള്ളവരും, പണം ലാഭിക്കാൻ നിരവധി മാർഗങ്ങൾ തേടുകയാണ്. ഏത് വിധേനയും നോട്ട് മാറിക്കിട്ടാൻ ആളുകൾ കണ്ടത്തുന്ന ചില മാർഗങ്ങൾ ഇവയൊക്കെയാണ്
സ്വർണ്ണം വാങ്ങിക്കൂട്ടുന്നവർ
2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ച ആർബിഐയുടെ തീരുമാനത്തിന് പിന്നാലെ ജ്വല്ലറികളിലും 2000 ത്തിന്റെ ഒഴുക്ക് ആണെന്നാണ് റിപ്പോർട്ടുകൾ . മുംബൈയിലെ, ചില ജ്വല്ലറികൾ 10 ഗ്രാം സ്വർണ്ണത്തിന് 63000 രൂപയ്ക്ക് പകരം 67000 രൂപ ഈടാക്കി. അഹമ്മദാബാദിലെ ചില ജ്വല്ലറികളിൽ , 2,000 രൂപ നോട്ടുകൾ ഉപയോഗിച്ച് വാങ്ങിയപ്പോൾ 10 ഗ്രാം സ്വർണ്ണത്തിന് 70,000 രൂപ ഈടാക്കിയെന്നും റിപ്പോർടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇങ്ങനെ പ്രീമിയം നിരക്കിൽ സ്വർണ്ണം വാങ്ങുന്നത് അസംഘടിതമേഖലയിലെ ജ്വല്ലറികളിലാണെന്നാണ് ജ്വല്ലറി സംഘടനകളുടെ മറുപടി.
പെട്രോൾ പമ്പുകൾ
പെട്രോൾ പമ്പുകളിലും 2000 ത്തിന്റെ ഒഴുക്ക് തന്നെയാണ്. പെട്രോൾ പമ്പിലെത്തുന്ന പത്തിൽ ഒമ്പത് പേരും 2,000 രൂപ നോട്ടുകൾ ആണ് നൽകുന്നതെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ (എഐപിഡിഎ) അറിയിച്ചു. പമ്പുകളിലെ പ്രതിദിന വിൽപ്പനയുടെ 40% ആയിരുന്ന ഡിജിറ്റൽ പേയ്‌മെന്റുകൾ 10% ആയി കുറയുകയും ചെയ്തു. നോട്ട് അസാധുവാക്കലിന് ശേഷം, മിക്ക ഡീലർമാർക്കും ആദായനികുതി നോട്ടീസ് ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടും പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആശങ്കയുണ്ടെന്നും എഐപിഡിഎ പറയുന്നു. ചില പമ്പ് ഓപ്പറേറ്റർമാർ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. ചിലർ 2000 രൂപ നോട്ടായി അടയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് എടുക്കുന്നുമുണ്ട്.
ക്യാഷ് ഓൺ ഡെലിവറി
ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച് ആളുകൾ ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ നിലവിൽ 2000 രൂപ നൽകുന്ന കസ്റ്റമേഴ്സാണ് ഇപ്പോൾ കുടുതലുമുള്ളത്. ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുന്ന സൊമാറ്റോയുടെ ഏകദേശം മുക്കാൽ ഭാഗവും 2,000 രൂപ നോട്ടുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നുണ്ടെന്ന് ഫുഡ് ആൻഡ് ഗ്രോസറി പ്ലാറ്റ്‌ഫോം തിങ്കളാഴ്ച അറിയിച്ചു. ഇ-കൊമേഴ്‌സ്, ഫുഡ്, ഓൺലൈൻ ഗ്രോസറി സെഗ്‌മെന്റുകൾ നോട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗവും 2000 രൂപ യാണ് നൽകുന്നത്. ഡെലിവറി ചെയ്യാനെത്തുന്നവർക്ക് പണം സ്വീകരിക്കാതിരിക്കാനും കഴിയില്ലെന്ന അവസ്ഥയാണ്.
കാണിക്കയായും 2000 ത്തിന്റെ നോട്ട്
ദൈവത്തിന് കാണിക്കയായും, സംഭാവനയായും 2000 ത്തിന്റെ നോട്ട് നൽകുന്നവരുമുണ്ട്. മാത്രമല്ല അജ്ഞാത സംഭാവന സ്വീകരിക്കാൻ അനുവദിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൂടെയും മറ്റ് മതസ്ഥാപനങ്ങളിലൂടെയും പണം വിതരണം ചെയ്ത് ചെറിയ മൂല്യങ്ങളുടെ കറൻസി നോട്ടുകൾ തിരികെ ലഭ്യമാക്കുന്നവരുമുണ്ട്.