വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറക്കാൻ നിർദ്ദേശിച്ചു; കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് പിവി ശ്രീനിജിൻ എംഎൽഎ
കൊച്ചിയിൽ അണ്ടർ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തിൽ മാപ്പപേക്ഷിച്ച് പിവി ശ്രീനിജിൻ എംഎൽഎ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോൾ തന്നെ ഗെയ്റ്റ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടനെതിരെ പിവി ശ്രീനിജിൻ ആഞ്ഞടിച്ചു. കുട്ടികൾക്ക് ലഭിക്കേണ്ട പണം തൻ്റെ അക്കാദമിയിലേക്ക് കൊണ്ടു പോയ ആളാണ് മേഴ്സിക്കുട്ടൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രതികരണം മനപൂർവ്വമെന്ന് കരുതുന്നു. ഗ്രൗണ്ട് വിട്ടുനൽകുന്ന വിവരം സ്പോർട്സ് കൗൺസിൽ അറിയിച്ചില്ല. തങ്ങളുമായി കരാർ വെയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്സിനോട് സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടു. മേഴ്സിക്കുട്ടനെതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ജില്ലാ നേതൃത്വത്തെ എല്ലാ വിവരവും അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ കുട്ടികളെ എത്തിച്ചത്. ഗെയ്റ്റ് എപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കാറ്. താനല്ല ഗേറ്റ് പൂട്ടാൻ നിർദ്ദേശം നൽകിയത്. മാധ്യമ വാർത്ത കണ്ടപ്പോൾ തന്നെ ഗേറ്റ് തുറക്കാൻ നിർദേശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രംഗത്തുവന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലപാട്.
വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചിന്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് 8 ലക്ഷംരൂപവാടക ഇനത്തില്‍ നല്‍കാന്‍ ഉണ്ടെന്നാണ് പി വി ശ്രീനിജന്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളി. പി വി ശ്രീനിജന്റെ നിലപടില്‍ പ്രതിഷേധിച്ച് എറണാകുളം സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുകയും ചെയ്തു. കുട്ടികളെ പുറത്ത് നിര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു.