കാട്ടുപോത്ത് ജനവാസമേഖലയിലെത്തിയത് വെടിയേറ്റതിന് ശേഷം; നായാട്ടുകാർക്കായി തെരച്ചിൽ ഊർജിതം
കണമലയിൽ ആക്രമകാരിയായ കാട്ടുപോത്തിന് വെടിയേറ്റതായി വനം വകുപ്പ്. കാട്ടുപോത്ത് ജനവാസ മേഖലയിലേക്ക് എത്തിയത് വെടിയേറ്റ ശേഷമാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. നായാട്ടുകാർ വെടി വച്ചതായാണ് സംശയം. നായാട്ട് സംഘത്തിനായി വനംവകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്നലെ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന് വെടിയേറ്റ വിവരം വനംവകുപ്പ് അറിഞ്ഞത്. വെടിയേറ്റത്തിന്റെ പ്രകോപനത്തിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഡിഎഫ്ഒ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുപോത്ത് എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കവെയാണ് കണ്ടെത്തൽ. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ശബരിമല വനംമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലെത്തിയത്.
കാട്ടുപോത്തിന് ഉൾവനത്തിൽ വച്ചാണ് വെടിയേറ്റതെന്നാണ് സംശയം. വെടിവച്ച നായാട്ട് സംഘത്തെ കുറിച്ചുള്ള സൂചന വനംവകുപ്പിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഉടൻ തന്നെ സംഘത്തെ പിടികൂടിയേക്കും.