സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കകോളി ഗോഷ് ദസ്റ്റിദര്‍ മമതയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് മമതയെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരുന്നത്. ട്വിറ്ററിലൂടെയാണ് മമതയ്ക്ക് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചത്. സിദ്ധരാമയ്യ സര്‍ക്കാരിന് ആശംസകള്‍ നേരുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കും. ശരത് പവാര്‍, ഫറൂക്ക് അബ്ദുള്ള എന്നിവരും ബംഗളൂരുവില്‍ എത്തും. സി.പി.ഐ.എം , കേരള കോണ്‍ഗ്രസ്, മുസ്ലിം ലിഗ്, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്കും ക്ഷണമുണ്ട്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ചടങ്ങിന് ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്.
ഇതിന് പുറമേ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.