ചരിത്രം സംഘപരിവാറിന് ആസ്വസ്ഥത ഉണ്ടാക്കുന്നു, സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കാൻ ശ്രമം; മുഖ്യമന്ത്രി
സവർക്കറെ സ്വാതന്ത്ര സമര സേനാനിയായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. ചരിത്രം സംഘപരിവാറിന് ആസ്വസ്ഥത ഉണ്ടാക്കുന്നു, പാഠ പുസ്തകങ്ങളിൽ നിന്ന് ചരിത്രം ഒഴിവാക്കുന്നതിന് കാരണം അതാണ്. ചരിത്രം കുട്ടികൾ അറിയരുത് എന്നാണ് ബി.ജെ.പി സർക്കാർ നിലപാട്. കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഇതൊന്നും ഒഴിവാക്കില്ല. വിഴിഞ്ഞത്ത് എൽ.ഡി.എഫ് സർക്കാരിൻ്റെ രണ്ടാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഹാപ്രളയത്തിൽ കേന്ദ്ര സർക്കാർ വേണ്ട സഹായം ചെയ്തില്ല. പല രാജ്യങ്ങളും സഹായിക്കാൻ തയാറായപ്പോൾ, സഹായം സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. സംസ്ഥാനത്തെ മന്ത്രിമാർ ഫണ്ട് സമാഹരണത്തിനായി വിദേശത്ത് പോകാനൊരുങ്ങിയപ്പോൾ കേന്ദ്രം അനുമതി നിഷേധിച്ചു. കിഫ്ബിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . അവശ്യത്തിന് കടം എടുക്കാൻ കഴിയാത്ത തരത്തിലുള്ള പരിധികൾ കേന്ദ്രം ഉൾപ്പെടുത്തി. ഇത് കേരളത്തെ തകർക്കാനുള്ള കേന്ദ്ര ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് അധികാരത്തിലേറി തുടർച്ചയായി ഏഴ് വർഷമായി നില നിൽക്കുന്നു. അങ്ങനെ നോക്കിയാൽ എൽ.ഡി.എഫ് സർക്കാരിൻ്റെ ഏഴാം വാർഷികമാണ് ഇത്. 2016 ന് മുൻപുള്ള കേരളം ആരും മറന്നു പോകാൻ ഇടയില്ല. അന്ന് കേരളത്തൻ്റെ പൊതുവായ സാഹചര്യം ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു. ഒരു വികസന പ്രവർത്തനവും നടന്നില്ല, എല്ലാ രംഗത്തിലും പുറകോട്ടടി ഉണ്ടായി, അഴിമതി കൊടികുത്തി വാഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.