അമേരിക്കയിൽ വെടിവെപ്പ്; മൂന്ന് മരണം, 18കാരനായ അക്രമിയെ വെടിവെച്ചു കൊന്നു
അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ യുവാവിന്റെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. 18കാരനായ അക്രമിയെ സംഭവസ്ഥലത്തു വെച്ച് തന്നെ വെടി വെച്ചു കൊന്നതായി പൊലീസ് അറിയിച്ചു.
ന്യൂമെക്സിക്കോയിലെ ഫാർമിങ്ടണിൽ പ്രാദേശിക സമയം 11 മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സ്കൂളുകൾക്ക് മുൻകരുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അക്രമിയുടെ പേരോ വിവരമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ന്യൂമെക്സിക്കൻ ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം ഖേദം പ്രകടിപ്പിച്ചു.