കടം വാങ്ങിയ പണം തിരികെ ചോദിച്ചു; മുളക് സ്പ്രേ അടിച്ച് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ
ആലപ്പുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് വെളിയിൽ വീട്ടിൽ സുനീറിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഒൻപതു മണിയോടെ കലവൂർ ഐസ് പ്ലാന്റിന് മുന്നിൽ വച്ചായിരുന്നു സംഭവം. സുനീറിന്റെ ലേബർ കോൺട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരുന്നു. എസ് എച്ച് ഒ, പി കെ മോഹിതിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ്ബ് ഇൻസ്പെക്ടർ ടി. ഡി നെവിൻ, സി പി ഒ ഷൈജു എന്നിവർ ചേർന്നാണ് സുനീറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.