86 വയസുള്ള ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു
86 വയസുള്ള ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു. സൗത്ത് ഡൽഹിയിലെ നെബ് സറായ് ഏരിയയിൽ ഏപ്രിൽ 28നായിരുന്നു സംഭവം. ഭർതൃമാതാവിനെ അടിച്ചുകൊന്ന 48കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ധിവാതത്താൽ ബുദ്ധിമുട്ടുന്ന സ്ത്രീയാണ് ഭർതൃമാതാവ്. ഇവരെ പരിചരിച്ച് മടുത്ത യുവതി ഭർതൃമാതാവിനെ അടിച്ച് കൊല്ലുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 28ന് ഹസി സോം എന്ന സ്ത്രീ ഫ്ലാറ്റിൽ വീണ് രക്തം വാർന്നുകൊണ്ടിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി. ഫ്ലാറ്റിൽ സുർജിത് സോം (51), ഭാര്യ (ശർമിഷ്ഠ സോം) ദമ്പതികളുടെ 16 വയസുകാരിയായ മകൾ എന്നിവർ താമസിക്കുന്ന ഫ്ലാറ്റിനു തൊട്ടുമുന്നിലുള്ള മറ്റൊരു ഫ്ലാറ്റിലാണ് സുർജിതിൻ്റെ മാതാവ് ഹസി സോം താമസിച്ചിരുന്നത്. കൊൽക്കത്തക്കാരായ ദമ്പതിമാർ 2014 മുതൽ ഇവിടെയാണ് താമസിക്കുന്നത്. കൊൽക്കത്തയിൽ ഒറ്റക്ക് താമസിച്ചിരുന്ന മാതാവിനെ 2022 മാർച്ചിൽ ഇവർ ഇവിടേക്ക് കൊണ്ടുവന്നു. തൻ്റെ ഫ്ലാറ്റിനു മുന്നിൽ അമ്മയ്ക്കായി സുർജിത് മറ്റൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു.
പൊലീസെത്തിയപ്പോൾ ഹസി സോം അടിക്കളയിൽ വീണുകിടക്കുകയായിരുന്നു. മുഖത്തും തലയോട്ടിയിലും മുറിവുകളുണ്ടായിരുന്നു. വർഷങ്ങളായി സന്ധിവാതമുണ്ടായിരുന്നതുകൊണ്ട് അമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് സുർജിത് പൊലീസിനെ അറിയിച്ചു. സിസിടിവി ക്യാമറയിൽ മെമറി കാർഡ് ഉണ്ടായിരുന്നില്ല. തൻ്റെ ഫോണിൽ നിന്ന് ക്യാമറയുടെ ലൈവ് വിഷ്വലുകൾ കാണാൻ സുർജിതിന് കഴിയുമായിരുന്നു. എന്നാൽ, അന്ന് കരണ്ട് പോയിരുന്നതിനാൽ ക്യാമറകൾ വർക്ക് ചെയ്തിരുന്നില്ല എന്നും സുർജിത് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ആർക്കും അസ്വാഭാവികത തോന്നിയില്ല. എന്നാൽ, പോസ്റ്റ്മാർട്ടത്തിൽ ഡോക്ടർമാർ ചില സംശയങ്ങൾ പ്രകടിപ്പിച്ചു. ഇതാണ് വഴിത്തിരിവായത്. 14 മുറിവുകളാണ് ഹസി സോമിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
സംഭവ ദിവസം ശർമിഷ്ഠ മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. പിന്നീട് താനാണ് സിസിടിവി ക്യാമറയിലെ മെമറി കാർഡ് മാറ്റിവച്ചതെന്ന് സുർജിത് പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് മെമറി കാർഡ് പരിശോധിച്ചു. കാർഡിലെ സിസിടിവി ദൃശ്യങ്ങളിൽ, ഏപ്രിൽ 28 രാവിലെ 10.30ഓടെ ഹസി സോമിൻ്റെ ഫ്ലാറ്റിലെത്തുന്ന ശർമിഷ്ഠ വയോധികയെ ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊല്ലുന്നത് കാണാമായിരുന്നു. കൊലപാതകത്തിനു ശേഷം ഒരു തുണി കൊണ്ട് ഇവർ ഫ്രൈ പാൻ വൃത്തിയാക്കുകയും ചെയ്തു.