വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിന് നൽകേണ്ട കരാർ തുക വായ്പയെടുത്ത് സർക്കാർ
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ അദാനി ഗ്രൂപ്പിന് നൽകേണ്ട കരാർ തുക വായ്പയെടുത്ത് നൽകി സർക്കാർ. കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്ത് 150 കോടി രൂപയാണ് കൈമാറിയത്. കെഎഫ്‍സിയിൽ നിന്നുള്ള വായ്പ സർക്കാരിൻറെ പൊതുകടത്തിൽപെടുത്തുമെന്ന എജിയുടെ മുന്നറിയിപ്പിനിടെയാണ് തുറമുഖ വകുപ്പിൻറെ നീക്കം.
തുറമുഖ കരാറനുസരിച്ച് കടലിൽ പുലിമുട്ട് നിക്ഷേപിക്കുന്നതിനുള്ള ചെലവ് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിൽ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് കൈമാറേണ്ടത് നികുതിയടക്കം 409 കോടി രൂപയാണ്. നേരത്തെ 100 കോടി രൂപ കെഎഫ്‌സിയിൽ നിന്ന് കടമെടുത്ത് നൽകിയതിൽ വിശദീകരണമാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ സർക്കാരിന് കത്തുനൽകിയിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും എജി മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖവകുപ്പ് 150 കോടി രൂപ കൂടി കടമെടുത്ത് അദാനി ഗ്രൂപ്പിന് നൽകിയത്.
ഇനി നൽകേണ്ട 159 കോടി രൂപ ഉടനെ നൽകുമെന്നും തുറമുഖ വകുപ്പ് അറിയിച്ചു. പണം അനുവദിച്ചില്ലെങ്കിൽ തുറമുഖ നിർമാണം പ്രതിസന്ധിയിലാകുമെന്നും കുടിശിക വരുത്തുന്ന സമയം പലിശ നൽകണമെന്നും അറിയിച്ച് അദാനി സർക്കാരിന് രണ്ട് തവണ കത്തുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എജിയുടെ മുന്നറിയിപ്പ് അവഗണിച്ചും സർക്കാർ പണം വായ്പയെടുത്ത് നൽകിയത്.