കുടുംബസ്വത്ത് നൽകിയില്ല; പിതാവിന്റെ രണ്ടു കൈകളും തല്ലിയൊടിച്ച മകൻ അറസ്റ്റിൽ
കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിന്റെ രണ്ടു കൈകളും തല്ലിയൊടിച്ച മകനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഞാലിക്കണ്ടം സ്വദേശി വാര്യത്ത് വർക്കിയെ മർദ്ദിച്ച കേസിൽ മകൻ മോൻസിയെ ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മദ്യത്തിന് അടിമയായ മോൻസി വസ്തുവിന്റെ പേരിൽ പിതാവുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് വീട്ടു പരിസരത്ത് കിടന്നിരുന്ന കമ്പിപടി ഉപയോഗിച്ച് പിതാവായ വർക്കിയെ അടിക്കുകയായിരുന്നു. അടിയേറ്റാണ് വർക്കിയുടെ രണ്ട് കൈകളും ഒടിഞ്ഞത്. വാരിയലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവശേഷം ഒളിവിൽ പോയ മോൻ സിയെ ശനിയാഴ്ച പുലർച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മോൻസിയെ റിമാൻഡ് ചെയ്തു.