‘എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം’: സതീശൻ
തിരുവനന്തപുരം: എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. രണ്ടാം എസ്എൻസി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി.
‘മൂന്ന് കമ്പനികളെയാണ് ടെണ്ടറിലേക്ക് സെലക്ട് ചെയ്തത്. അതിൽ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബിൽകോൺ ലിമിറ്റഡ് പാലം നിർമ്മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്നിക്കലി സെലക്ടായെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം വേണം. പത്ത് വർഷത്തെ പ്രവർത്തിപരിചയമുള്ള കമ്പനികൾ മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നാണ് കെൽട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്പനി അക്ഷര എന്റർപ്രൈസസെന്ന കമ്പനി 2017 ൽ മാത്രം രൂപീകൃതമായ കമ്പനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണം.
സ്രിറ്റ് എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നതിനായി മറ്റ് കമ്പനികൾ ചേർന്ന് കാർട്ടറുണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം. കരാർ ലഭിച്ച സ്രിറ്റ് എന്ന കമ്പനി പിന്നീട് ഒരു കൺസോഷ്യം ഉണ്ടാക്കി. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് നിബന്ധനകൾ ലംഘിച്ച് സ്രിറ്റ് എന്ന കമ്പനി കൺസോഷ്യം ഉണ്ടാക്കിയതെന്നാണ് വ്യക്തമായത്. കരാർ ലഭിച്ച സ്രിറ്റ് എന്ന കമ്പനിയല്ല എഐ ക്യാമറാ ജോലികളൊന്നും ചെയ്യുന്നത്. അവർ വീണ്ടും ഉപകരാർ നൽകുകയായിരുന്നു. ഇവിടെയും നിബന്ധനകൾ ലംഘിക്കപ്പെട്ടു.
ഈ ഉപകമ്പനികൾ കരാർ കമ്പനിയായ സ്രിറ്റിന് നോക്കുകൂലിയായി 9 കോടി നൽകി. എന്നാൽ ഈ വിവരങ്ങൾ മുഴുവൻ മറച്ചുവച്ചു. ടെക്നോ പാർക്കിലെ ഒരു കമ്പനിയും ഇന്ട്രസ്റ്റിയൽ പാർക്കിലെ മറ്റൊരു കമ്പനിയുമാണ് ഉപകരാർ എടുത്തത്. ഈ കമ്പനികളിലൊന്നായ ട്രോയിസിന് ഊരാളുങ്കലുമായി ബന്ധമുണ്ട്. ടെക്നിക്കൽ സപ്പോർട്ട് നൽകാമെന്ന പേരിൽ ഈ കമ്പനികൾ കെൽട്രോണിന് പിന്നീട് കത്ത് നൽകി. അങ്ങനെ 151 കോടിയുടെ കരാറിൽ അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തിയിരുന്നെങ്കിലും വീണ്ടും അറ്റകുറ്റപ്പണിക്ക് പ്രത്യേകം 66 കോടി രൂപ കൂടി കെൽട്രോൺ അനുവദിച്ചു. ഇതെല്ലാം കൊള്ളയാണ്.
അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സ്വർണ്ണ കള്ളക്കടത്തിന്റെ കേന്ദ്രം, ലൈഫ് മിഷൻ അഴിമതിയുടെ കേന്ദ്രം, എന്നപോലെ ക്യാമറ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമാണ്. അഴിമതിയുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി’. പ്രതിപക്ഷം ഒന്നിയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ വ്യവസായ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മഹാ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.