Thursday, January 23, 2025
National

ഒടുവില്‍ ആശ്വാസതീരത്തേക്ക്; സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ഡല്‍ഹിയിലെത്തി; 9 മലയാളികളും നാടണഞ്ഞു

കലാപം രൂക്ഷമായ സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാര്‍ ഡല്‍ഹി വിമാനത്താവളം അണഞ്ഞു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച ആദ്യ വിമാനത്തിലൂടെ 360 ഇന്ത്യക്കാരാണ് നാടണഞ്ഞത്. ഒന്‍പത് മലയാളികള്‍ ഉള്‍പ്പെടെയാണ് ആശ്വാസതീരമണഞ്ഞത്. ഇന്ന് കേരള ഹൗസില്‍ തങ്ങിയ ശേഷം ഇവരെ നാളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലെത്തിക്കും.

ബിജി ആലപ്പാട്ട്, ഷെറോണ്‍ ആലപ്പാട്ട്, മൈക്കിള്‍, റോച്ചല്‍, ഡാനിയേല്‍, ജയേഷ് വേണുഗോപാല്‍, തോമസ് വര്‍ഗീസ്, ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ സുഡാനില്‍ നിന്ന് മടങ്ങിയെത്തിയത് വലിയ ആശ്വാസമായി കരുതുന്നുവെന്ന് മലയാളികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ ജിദ്ദയില്‍ പറഞ്ഞു. സുഡാനില്‍ നിന്നും രക്ഷപ്പെട്ട് ജിദ്ദയിലെത്തിയ സംഘാംഗങ്ങളും ട്വെന്റിഫോറുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.

സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമായി 556 ഇന്ത്യക്കാര്‍ സുഡാനില്‍ നിന്നും ജിദ്ദയില്‍ എത്തി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് രക്ഷാ ദൌത്യം പുരോഗമിക്കുന്നത്. ഇന്ത്യക്കാരെ പരമാവധി നേരത്തെ നാട്ടില്‍ അവരുടെ പ്രദേശങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി ജിദ്ദയില്‍ പറഞ്ഞു.ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഇവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.

സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് വൈദ്യ സഹായവും ഭക്ഷണവും മറ്റും നല്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *