Friday, January 10, 2025
National

സ്വവർഗ വിവാഹത്തോടുള്ള എതിർപ്പ് തുടരാൻ ബിജെപി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്ത് റിപ്പോർട്ട് നൽകും

ദില്ലി : സ്വവർഗ്ഗ വിവാഹത്തോടുള്ള എതിർപ്പ് തുടരാൻ ബിജപി നീക്കം. ഒരു സുപ്രീം കോടതി വിധിയിൽ തീരേണ്ട കാര്യമല്ലെന്നാണ് ബിജെപി വിലയിരുത്തൽ. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർത്ത് റിപ്പോർട്ട് നൽകും. സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മതസംഘടനകളുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.പാർട്ടി നേതൃത്വം ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ ആണ് സുപ്രീം കോടതി നിർദേശം നൽകി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമർപ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നിലപാട് അറിയിക്കാൻ അവസരം നൽകണം. നിയമ നിർമ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

“വിവാഹം” കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാരുകളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സർക്കാർ പുതിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് അം​ഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.

സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. അതേമയം സ്വവർഗ വിവാഹം നഗരങ്ങളിലെ വരേണ്യ വർഗ്ഗ സങ്കൽപമെന്ന കേന്ദ്രസർക്കാർ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിയിൽ വാ​ദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമർശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *