ബലാത്സംഗക്കേസിലെ കുറ്റാരോപിതർ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീടിനു തീയിട്ടു; രണ്ട് കൈക്കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ
ബലാത്സംഗക്കേസിലെ കുറ്റാരോപിതർ ജാമ്യത്തിലിറങ്ങി അതിജീവിതയുടെ വീടിനു തീയിട്ടു. ആക്രമണത്തിൽ ആറ് മാസവും രണ്ട് മാസവും പ്രായമായ കൈക്കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ വർഷം 11 വയസുകാരിയായ ദളിത് പെൺകുട്ടിയ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ടവർ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.
ഉത്തർ പ്രദേശിലെ ഉന്നാവിൽ ഈ മാസം 13 നാണ് സംഭവം. കഴിഞ്ഞ വർഷമാണ് പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. അതിക്രമത്തിൽ പെൺകുട്ടി ഗർഭിണിയായി. ഇതിനിടെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ഇരുവരും അറസ്റ്റിലായി. കഴിഞ്ഞ ദിവസം ഇരുവർക്കും ജാമ്യം ലഭിച്ചു. തുടർന്ന് പ്രതി ചേർക്കപ്പെട്ടവരും മറ്റ് അഞ്ച് പേരും ചേർന്ന് അതിജീവിതയുടെ കുടിലിലെത്തി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ സംഘം അതിജീവിതയുടെ അമ്മയെയും അച്ഛനെയും മർദിക്കുകയും വീടിനു തീവെക്കുകയുമായിരുന്നു. ആക്രമണത്തിൽ അതിജീവിതയുടെ 6 മാസം പ്രായമായ കുഞ്ഞിനും 2 മാസം പ്രായമായ സഹോദരിയ്ക്കും ഗുരുതര പൊള്ളലേറ്റു. അതിജീവിതയുടെ കുഞ്ഞിന് 35 ശതമാനവും സഹോദരിക്ക് 45 ശതമാനവുമാണ് പൊള്ളൽ. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ കാൺപൂരിലെ ആശുപത്രിയിലേക്ക് പോയി.
2022 ഫെബ്രുവരി 13നാണ് ദളിത് പെൺകുട്ടിയെ രണ്ട് പേർ ചേന്ന് കൂട്ട ബലാത്സംഗം ചെയ്തത്. അക്കൊല്ലം സെപ്തംബറിൽ കുട്ടി പ്രസവിച്ചു.