‘സ്വവർഗ്ഗ വിവാഹത്തിന് നിയമ സാധുത വേണം’, ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
ദില്ലി : സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് ആണ് വാദം കേൾക്കുക. നിലവിൽ സ്ത്രീയും പുരുഷനും വിവാഹം ചെയ്താൽ ലഭിക്കുന്ന നിയമപരിരക്ഷ സ്വവർഗ്ഗവിവാഹം ചെയ്യുന്നവർക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ്ഗ പങ്കാളികൾ, സാമൂഹ്യപ്രവർത്തകർ ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി പേർ നൽകിയ 20ലേറെ ഹർജികൾ ആണ് ബെഞ്ച് പരിഗണിക്കുന്നത്. അഡ്വ. അരുന്ധതി കട്ജ്ജുവാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക. സുപ്രീംകോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ഹർജികളെ ശക്തമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയമനിർമ്മാണ സഭകളാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹർജികൾക്ക് പിന്നിൽ നഗരകേന്ദ്രീകൃത വരേണ്യ വർഗ്ഗമാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു.