Thursday, January 9, 2025
Kerala

ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; ടിഫിൻ ബോക്‌സും താമസവും നൽകിയതാര് ? അന്വേഷണം പ്രതിയുടെ പ്രാദേശിക ബന്ധത്തിലേക്കും നീളുന്നു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്.

ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാൻഡ്‌ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഫോൺകോൾ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികൾ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് ഏജൻസികൾ പറയുന്നു.

സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡൽഹിയിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *