അരികൊമ്പൻ: ശാശ്വത പരിഹാരത്തിന് വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി
അരികൊമ്പൻ വിഷയത്തിൽ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തൻപാറ – ചിന്നക്കനാൽ പഞ്ചായത്തുകൾ, ഡീൻ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസിൽ കക്ഷി ചേർത്തു. വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നാല് കുങ്കി ആനകൾ സ്ഥലത്ത് ഉള്ളതിനാൽ അരിക്കൊമ്പൻ ശാന്തനെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു.
ആനയെ പിടികൂടുകയല്ലാതെ കാട്ടിലേക്ക് തിരിച്ചു വിട്ട ശേഷം നിരീക്ഷിക്കാൻ സാധിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. ഇന്ന് അരികൊമ്പൻ ആണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും. ആനയെ പിടികൂടുക എന്നതല്ലാതെ മാറ്റ് മാര്ഗങ്ങള് സർക്കാർ തേടിയില്ലേ എന്നും കോടതി ചോദ്യത്തിൽ കൂട്ടിച്ചേർത്തു. ആനയെ പിടികൂടുന്നത് പരിഹാരമായി കാണാനാകില്ല എന്ന കോടതി വ്യക്തമാക്കി.
ആനത്താരയിൽ എങ്ങനെയാണ് സെറ്റിൽമെന്റ് കോളനി സ്ഥാപിച്ചത് എന്ന ചോദ്യം കോടതി ചോദിച്ചു. അതിനാൽ, അരികൊമ്പനെ പിടികൂടി പുനരധിവസിപ്പിക്കുന്നതിന് പകരം ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതാണ് നല്ലത് എന്ന നിർദേശം കോടതി മുന്നോട്ട് വെച്ചു. കൊടും വനത്തിൽ ആളുകളെ പാർപ്പിച്ചതാണ് കാരണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതിനാൽ, ദീർഘകാല പ്രശ്നം പ്രായോഗികമായി പരിഹരിക്കുവാൻ പുനരധിവാസമാണ് ഒരു മാർഗമെന്നും കോടതി അറിയിച്ചു. പരിഹാര മാർഗ്ഗങ്ങൾ അടുത്ത ദിവസങ്ങളിലറിയിക്കണമെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.
വിഷയത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കോടതി അറിയിച്ചു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതിൽ വിദഗ്ധരായ രണ്ടു പേർ അടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിക്കണം. കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്ധ സമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറിയും ഈ സമിതിയിൽ ഉണ്ടാകും.