Thursday, January 9, 2025
Kerala

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ കുറവില്ല, ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ: എ.കെ ശശീന്ദ്രൻ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ, എന്ത് ചെയ്യണമെന്ന് കോടതി നിർദേശിച്ചാൽ അത് നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിച്ചെനെ. കോടതി വിധി വന്നതിനുശേഷം അന്തിമമായ കാര്യങ്ങൾ തീരുമാനിക്കും. കോടതി പറഞ്ഞ വിദഗ്ദ്ധ സമിതിയുടെ പോലും തീരുമാനം വരേണ്ടത് ജനകീയ അഭിപ്രായങ്ങളിൽ നിന്നാണ്. വനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാൻ നിയമപരമായും കൃത്യതയോടെയും ആണ് വനംവകുപ്പ് ഇടപെടുന്നത്.

ചിന്നക്കനാലിൽ പ്രശ്നക്കാരനായി ഇപ്പോൾ നിലനിൽക്കുന്നത് അരിക്കൊമ്പൻ ആണ്. ആനയുടെ പേര് ഒരു പ്രശ്നമല്ല, ഇത് മൂലമുള്ള ദുരിതം അനുഭവിക്കുന്ന ജനങ്ങളാണ്. ഏത് ആന എന്നതല്ല വിഷയം, ആനകൾ വരുന്നതാണ് തടയേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.

വനം വകുപ്പ് വിപുലമായ ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളും വനം വകുപ്പുമായുള്ള ബന്ധം ഉറപ്പിക്കൽ ഏപ്രിൽ 2 മുതൽ 28 വരെ സംസ്ഥാനത്ത് 28 കേന്ദ്രങ്ങളിൽ വന സൗഹാർദ സദസ് സംഘടിപ്പിക്കും.
ജനങ്ങളുടെ ആശങ്കകൾ കേൾക്കും. മനുഷ്യ വന്യ ജീവി സംഘർഷങ്ങളിൽ കുറവില്ല. അത് പരിഹരിക്കുന്നതിനുള്ള ജനകീയ അഭിപ്രായം തേടും. ഏപ്രിൽ 2 ന് മാനന്തവാടിയിൽ മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വനം വകുപ്പും ജനങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കും, ഉദ്യോഗസ്ഥ തല തീരുമാനങ്ങൾ മാത്രം പോരെന്ന് അദ്ദേഹം പറഞ്ഞു.

വന്യ ജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ പരിഷ്കരണം ആവശ്യമാണ്. കോടതിയിൽ നിന്ന് അന്തിമ തീരുമാനം വരട്ടെ. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കേണ്ട കാര്യമില്ലല്ലോ. കോടതി പറയുന്ന കാര്യങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ല. അഡ്വക്കേറ്റ് ജനറൽ മറുപടി പറയുമ്പോൾ കോടതിയുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നത് ഭൂഷണമല്ല. സർക്കാർ കോടതിയിൽ മറുപടി നൽകുമെന്ന് വനം മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *